സമയമില്ല !!
സമയമില്ലെനിക്കൊമലേ.. നിന്നുടെ
അരുമയാർന്ന മുഖത്തുമ്മ വയ്ക്കുവാൻ.
സമയമില്ലായിരുന്നെനിക്കപോഴും
തഴുകി മാറോടണച്ചു ചുംബിക്കുവാൻ !
ഇടറി വീഴുമ്പോഴൊക്കെയും 'നാനി'-
യുണ്ടരികിലായ്, പിന്നെ എന്തു പേടിക്കുവാൻ ?!
അരികിലില്ലെങ്കിലെന്ത്,? ഒരു "ക്യാമറാ ദൂരം"*
അകലമേയുള്ളു നാം തമ്മിലെപ്പോഴും !
ഒരു നുണക്കുഴിക്കുള്ളിലൊളിപ്പിച്ചൊ -
രതി നിഗൂഢമാം നിഷ്ക്കളങ്കത്വവും !
എവിടെ എൻ അമ്മ? എന്നു ചോദിച്ചു കൊ -
ണ്ടിടറി വീഴുന്ന കണ്ണുനീർ തുള്ളി തൻ-
കഥകളൊക്കെയും നിശബ്ദയായ് കേട്ടു -
തഴുകി വിങ്ങുവാറുണ്ടായിരുന്നമ്മ !!
കഴിയുകില്ലാ കൊഴിഞ്ഞ ബാല്യത്തിന്റെ
ചരടിൽ ഓർമ്മതൻ മാല കോർത്തീടുവാൻ
തണൽ വിരിക്കുവാൻ നീർത്തൊരീ ശാഖി -
തന്നടിയിലായ്, നീ സുരക്ഷിത, യെന്നമ്മ -
അതി സമർത്ഥമായ് നെയ്തൊരാ സ്വപ്നങ്ങൾ
വിഫലമായ്, എന്നറിഞ്ഞതേ ഇല്ല ഞാൻ !!
വെയിലു തട്ടാതെ, ആ ബാല്യമൊക്കെയും
തല കുനിച്ചു മുരടിച്ചു നിന്നതും,
വളരെ വൈകി തിരിച്ചറിഞ്ഞപ്പോഴേ -
ക്കിടറി വേർപ്പെട്ടു, നാം തമ്മിലെ നൂലിഴ!!
ഇടയിലെങ്ങോ പിളർന്നൊരീ പാത തൻ
നടുവിൽ, ഉത്തരം കിട്ടാത്ത ചോദ്യമായ്
നിലയുറച്ചിടാം ഈ 'അമ്മ' ഏകാന്ത പഥികയായ് ,
നീ തിരിഞ്ഞു നോക്കും വരെ !!
:-നീതു കുറ്റിമാക്കൽ
ബംഗളുരു